തളിപ്പറമ്പ്: വനിതാ സെല്ലില്‍ പരാതി നല്കിയ വിരോധത്തിൽ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെയും സുഹൃത്തിനെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരേ തളിപ്പറമ്പ് പൊലിസ് കേസെടുത്തു. പാനൂര്‍ പെരിങ്ങത്തൂരിലെ കരിയാട് തെരു പുന്നത്തുമ്മല് വീട്ടില്‍ അഖില രാജന് (23), സുഹൃത്ത് അശ്വന്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ധര്‍മശാല കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് സമീപത്തെ സൗരവ്, അച്ഛന് പ്രദീപന്, അമ്മ സജിത കണ്ടാലറിയാവുന്ന മൂന്നുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
അഞ്ചിന് രാത്രി 8.30ന് യൂണിവേഴ്സിറ്റിക്ക് സമീപം പൊതുറോഡിലായിരുന്നു സംഭവം. സൗരവ് അഖിലയുടെ മുഖത്തടിക്കുകയും മരക്കട്ടകൊണ്ട് മൂക്കിന് കുത്തുകയും കൈവിരലില്‍ കടിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. സുഹൃത്ത് അശ്വന്തിന്റെ നെഞ്ചത്ത് ചവിട്ടിയെന്നും പ്രദീപന് അഖിലയുടെ വയറിന് കൈകൊണ്ട് കുത്തുകയും പുറത്ത് മരക്കട്ടകൊണ്ട് കുത്തുകയും കടിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. സാരിയും ബ്ലൗസും വലിച്ചുകീറി മാനഹാനി വരുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
ഒരു ലക്ഷം രൂപ വിലമതിക്കുന്ന അഖിലയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ സൗരവ് തട്ടിപ്പറിക്കുകയും അമ്മ സജിതയും മറ്റു മൂന്നുപേരും ഇരുവരെയും ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ സഹായം ചെയ്തതായും പരാതിയിലുണ്ട്. സൗരവിനെതിരെ അഖില കണ്ണൂര്‍ വനിതാ സെല്ലില്‍ പരാതി നല്‍കിയതാണ് ആക്രമണത്തിന് കാരണം.
അതിനിടെ അശ്വന്തും അഖിലയും ചേര്‍ന്ന് വീട്ടില്‍കയറി സൗരവിനെയും കുടുംബത്തെയും മര്‍ദിച്ചതായി നേരത്തെ പരാതിയുണ്ടായിരുന്നു. സംഭവത്തിൽ ഇരുവർക്കുമെതിരെ തളിപ്പറന്പ് പൊലിസ് കേസെടുത്തിരുന്നു. അപവാദപ്രചാരണം നടത്തുന്നതായി ആരോപിച്ചായിരുന്നു ആക്രമണം.